Wednesday, 7 September 2011

കുടുംബശ്രീ ഓണം വിപണന മേള: രണ്ട് ദിവസത്തില്‍ 20 ലക്ഷം രൂപയുടെ സാധനങ്ങള്‍ വിറ്റഴിച്ചു


കാസര്‍കോട്: ജില്ലയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണം വിപണന മേളയില്‍ വമ്പിച്ച വില്‍പ്പനയാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ വിപണനം 20 ലക്ഷം രൂപയില്‍ കവിഞ്ഞു. വിപണന മേള സെപ്തംബര്‍ എട്ടിന് വൈകുന്നേരം അവസാനിക്കും. ജില്ലയില്‍ കാഞ്ഞങ്ങാട്, ഹൊസങ്കടി, കുമ്പള, കുണ്ടംകുഴി, ചിറ്റാരിക്കല്‍, കാലിക്കടവ്, മഡിയന്‍, എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രധാന വിപണന കേന്ദ്രങ്ങള്‍ക്ക് പുറമെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നഗരസഭാ കേന്ദ്രങ്ങളിലും മേള സംഘടിപ്പിച്ചിരുന്നു.
ജില്ലയുടെ വടക്കന്‍ പഞ്ചായത്തുകളില്‍ വലിയ തോതിലുളള വിപണനമാണ് ഇപ്രാവശ്യത്തെ പ്രതേ്യകത. ഓണാഘോഷം പതിവില്ലാത്ത വൊര്‍ക്കാടി, മീഞ്ച, പൈവളിഗെ, മഞ്ചേശ്വരം മേഖലയില്‍ കുടുംബശ്രീയുടെ സ്വന്തം ഉല്‍പ്പന്നങ്ങളായ പച്ചക്കറികള്‍, ബേക്കറി, ധാന്യപ്പൊടി, കശുവണ്ടി, അച്ചാര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, എന്നിവ വലിയതോതിലാണ് വിറ്റഴിക്കുന്നത്. ഹോം ഷോപ്പ് ഉല്‍പ്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്.
വിപണന മേളയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ കുടുംബശ്രീ അംഗങ്ങളുടെയും, ബാലസഭാ കുട്ടികളുടെയും കലാപരിപാടികളും, പൂക്കള മല്‍സരവും വിപണന കേന്ദ്ര പരിസരത്ത് സംഘടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമതിതിയും കുടുംബശ്രീ ഭരണ സമിതികളും സംയുക്തമായാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്.

No comments:

Post a Comment