Wednesday, 7 September 2011

പട്ടയമേള റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും; 1,500 പേര്‍ക്ക് പട്ടയം നല്‍കും


കാസര്‍കോട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പട്ടയ മേളയില്‍ ജില്ലയിലെ 1,500 ഓളം പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. പട്ടയ മേളയുടെ ഉദ്ഘാടന കര്‍മ്മം റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരിക്കും. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍ (ഉദുമ), ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്, ജില്ലയിലെ നഗരസഭാ ചെയര്‍മാന്മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ ഭൂരഹിതര്‍, കടല്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍, മിച്ചഭൂമി ലഭിച്ചവര്‍ എന്നിവര്‍ക്ക് മേളയില്‍ പട്ടയം നല്‍കുന്നതാണ്. സുനാമി പുനരധിവാസ പദ്ധതി പ്രകാരം അജാനൂര്‍ പഞ്ചായത്തില്‍ പണിപൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും റവന്യൂ മന്ത്രി നിര്‍വ്വഹിക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ എടുത്ത നടപടികളും, ഫയലിന്റെ തല്‍സ്ഥിതിയും കമ്പ്യൂട്ടര്‍ മുഖേന അറിയാവുന്ന ജി-സ്പീക്ക് പദ്ധതിയുടെ സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിക്കും. കൃഷി വകുപ്പ് മുഖേന ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ക്കുളള ചെക്ക് വിതരണവും, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ മുഖേനയുളള പവര്‍ ടില്ലര്‍ വിതരണവും കൃഷി വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും.

No comments:

Post a Comment